Melathil Ganapathy Temple

Melathil Ganapathy Temple

History

മൂന്നു നൂറ്റാണ്ടോളം എെശ്വര്യ പ്രതാപങ്ങളോടു കൂടി സ്ഥിതി ചെയ്തിരുന്ന വെള്ളയാണിയിൽ വിളയിൽ വീട് വെണ്ണിയൂരിൽ പുളിയറത്തല വീട് എന്നീ രണ്ട് ശാഖകളും അനേകം തായ്വഴികളുമുള്ള നായർ തറവാടിന്റെ പരദേവതാലയങ്ങളിൽ ഒന്നാണ് മേലതിൽ ശ്രീ മഹാഗണപതിക്ഷേത്രം. ഏതാണ്ട് നാല് നൂറ്റാണ്ടിലധികം പഴക്കമുള്ള ബാലഗണപതിയാണ് പ്രധാന പ്രതിഷ്ഠ. ഇടതും വലതുമായി മന്ത്രമൂർത്തിയേയും, യോഗീശ്വരനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചരപ്രതിഷ്ഠയാണ്. അഷ്ടബന്ധമിട്ട് ഉറപ്പിച്ചിട്ടുള്ളതല്ല ഗണപതി വിഗ്രഹം. അഷ്ടദ്രവ്യങ്ങളോടുകൂടിയുള്ള മഹാഗണപതിഹോമമാണ് നിത്യപൂജ. എല്ലാ ദിനവും പ്രഭാതപൂജയുണ്ട്. ലംബോദരനും, ഭക്ഷണപ്രിയനുമായ മഹാഗണപതിക്ക് ഉണ്ണിയപ്പവും, അടയും, മോദകവും, നാളികേരവും, ശർക്കരപായസവും, പാൽ പായസവും ഭക്തജനങ്ങൾ വഴിപാടായി നടത്തി വരുന്നു. ക്ഷിപ്രപ്രസാദിയായ മേലതിൽ ഗണപതിയെ ഭക്തിയോടെ പ്രാപിക്കുന്ന ഭക്തരുടെ ഏത് അഭീഷ്ടങ്ങളും സാധിച്ചു കൊടുക്കുന്നു. വിനായകചതുർത്ഥിയും, പ്രതിഷ്ഠാദിനവുമാണ് പ്രധാന ഉത്സവങ്ങൾ. മറ്റ് പുണ്യ ദിനങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട്. കുടുംബാംഗങ്ങളും നാട്ടുകാരായ ഭക്തജനങ്ങളുടെ പ്രതിനിധികളും ഉൾപ്പെടുന്ന ട്രസ്റ്റാണ് ഭരണം നടത്തി വരുന്നത്.
ഗണപതി ഭഗവാൻ ഇവിടെ എത്തിച്ചേർന്നതിന് പല എെതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതിൽ ഏറെ വിശ്വസനീയമായ എെതിഹ്യം ഇനി പറയുന്നു. പുളിയറത്തല ശാഖയിലെ കാരണവരുടെ അനന്തരവൾമാരിൽ സുന്ദരിയായിരുന്ന പായികൊച്ചമ്മയുടെ ബ്രാഹ്മണ സംബന്ധത്തിൽ ജനിച്ച കോയിന്ദൻ എന്ന് കുട്ടികാലത്ത് വിളിപ്പേരുണ്ടായിരുന്ന ഗോവിന്ദപ്പിള്ള ആശാനുമായുള്ള കഥയാണ് അതിൽ ഒന്ന് ഗോവിന്ദപ്പിള്ള ആശാൻ സംസ്കൃത പണ്ഡിതനും ജ്യോതിഷിയും കുറെയൊക്കെ വൈദ്യവും, മന്ത്രവാദവുമൊക്കെ പഠിച്ചിട്ടുള്ള ആളായിരുന്നു. വിളയിൽ വീട്ടിൽ വച്ച് കുട്ടികൾക്ക് എഴുത്തും വായനയും അത്യാവശ്യം സംസ്കൃതവും മറ്റും പറഞ്ഞു കൊടുക്കുന്നതിലേക്ക് ഒരു എഴുത്തുപള്ളിയും സ്ഥാപിച്ചിരുന്നു. അവിവാഹിതനായ ഗോവിന്ദപ്പിള്ള ആശാൻ വിളയിൽ വീട് ശാഖയിലേയും പുളിയറത്തല ശാഖയിലേയും കാരണവൻമാർക്ക് വളരെ പഥ്യനും ബന്ധുക്കൾക്ക് ഏതാവശ്യത്തിനും സമീപിക്കാവുന്ന ഉദാരമനസ്കനും ആയിരുന്നു. ആയിടെ പുളിയറത്തല ദുർഗാദേവിയായ പരദേവതയ്ക്കൊപ്പം സ്ഥാപിതമായിരുന്നു ബാലഗണപതി വിഗ്രഹവും. ആശാൻ തന്നെയാണ് എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ അവിടെ പൂജാദികാര്യങ്ങൾ നിർവഹിച്ചു വന്നിരുന്നത്. അപ്രകാരമിരിക്കെ തറവാട്ടിലെ ഇരു ശാഖകളിലേയും കാരണവൻമാരും അനന്തരവരും തമ്മിൽ സ്വത്തുക്കളെ സംബന്ധിച്ചും മറ്റും വളരെ തർക്കങ്ങളും മറ്റും പതിവായി ഉണ്ടായിക്കൊണ്ടിരുന്നു. പുളിയറത്തല കുടുംബത്തിലും തായ്വഴികളിലും പല ദുർനിമിത്തങ്ങളും ഉണ്ടായി. ദുർമരണങ്ങളും, ദുരന്തങ്ങളും പതിവായപ്പോൾ പ്രാശ്നികൻമാർ എത്തി. പ്രശ്നത്തിൽ ബാലഗണപതിയുടെ അസംതൃപ്തിയാണ് കാരണമെന്ന് കണ്ടെത്തി. പ്രധാന പ്രശ്നം ക്ഷേത്രത്തിൽ നിത്യപൂജ ഇല്ലാത്തതാണ്. അതുകൊണ്ടു തന്നെ ലംബോദരനും ഫലസാരഭക്ഷിതനുമായ വിനായകന് കുംഭ നിറയ്ക്കുന്നത് വലിയ വൈഷമ്യത്തിന് ഇടയാക്കിയിരുന്നത്രേ. ബാലഗണപതിയെ നിത്യനിദാന പൂജകൾ ഉള്ള ഇടത്തേക്ക് മാറ്റുകയോ ക്ഷേത്രത്തിലെ പൂജ ചൊവ്വയും, വെള്ളിയും എന്നതു മാറ്റി നിത്യപൂജ ആക്കുകയോ ആണ് പ്രതിവിധി എന്ന് ദൈവജ്ഞന്മാർ വിധിച്ചു. പൊതുവെ ക്ഷയോൻമൂഖമായിരുന്ന കുടുംബത്തിന് പരദേവതാലയത്തിൽ നിത്യപൂജക്ക് കോപ്പില്ലായിരുന്നു. മാതൃസ്ഥാനിയായ ദുർഗാഭഗവതി ക്ഷമയുടെ മൂർത്തീഭാവമാകയാൽ നിത്യപൂജ നിഷ്കർഷിക്കുന്നുമില്ല. അക്കാലത്ത് ഗോവിന്ദപ്പിള്ള ആശാൻ പല പല ഗുരുമുഖങ്ങളിൽ നിന്നും എഴുത്തും വായനയും ജ്യോത്സ്യവും വൈദ്യവും മന്ത്രവിദ്യയും മർമ്മവിദ്യകളും സംസ്കൃതവുമെല്ലാം പഠിച്ച് ദേശാടനം കഴിഞ്ഞ് കുടുംബത്തിൽ എത്തി അപ്പോഴേക്കും മരണപ്പെട്ടുപോയിരുന്ന പായിക്കൊച്ചമ്മയുടെ- മാതാവിന്റെ- ഗൃഹത്തിൽ പാർത്തു വരുകയായിരുന്നു. പുളിയറത്തല കാരണവർ ഗോവിന്ദനുമായി പ്രശ്നം ചർച്ചചെയ്തു. പോംവഴി കണ്ടെത്തി. പുളിയറത്തല കുടുംബവുമായി സംബന്ധ ബന്ധമുണ്ടായിരുന്ന പുരവി കുടുംബത്തിലെ നാഗർകാവിലേക്ക് ബാലഗണപതിയെ മാറ്റാൻ ഗോവിന്ദപ്പിള്ള ആശാൻ മുൻകൈ എടുത്തു. അങ്ങനെ ഗജാനനായ ഗണപതി പുരവിയിലെ നാഗർക്ഷേത്ര പരിസരത്ത് സ്ഥാപിതനായി. എങ്കിലും നാഗർകാവിൽ ആയില്യത്തിന് മാത്രമാണ് പ്രധാന പൂജയും വഴിപാടുകളും ഉണ്ടായിരുന്നത്. അല്ലാത്ത ദിവസം വെറും അന്തിത്തിരി മാത്രം. ബാലഗണപതിക്കും കിട്ടി അന്തിത്തിരിയും ആയില്യ പൂജയ്ക്കു സുഭിക്ഷ നിവേദ്യവും പക്ഷേ നിത്യാശനകാമിയായ ബാലഗണപതിക്ക് തൃപ്തി പോരായിരുന്നു. രണ്ട്, മൂന്ന് സംവത്സരം അങ്ങനെ കഴിഞ്ഞു. അവിടേയും വിനായകൻ പണി തുടങ്ങി. പലർക്കും സ്വപ്നദർശനങ്ങളുണ്ടായി. ബാലഗണപതി സ്വപ്നത്തിൽ പുരവി കാരണവരെ വെങ്ങാനൂർ വട്ടത്താകെ ഒാടിച്ചു രസിച്ചു. കാരണവർ സഹികെട്ടു. ചില ദുർനിമിത്തങ്ങളും ഉണ്ടായി. ദൈവജ്ഞന്മാരുടെ വെളിപ്പെടുത്തലിൽ ബാലഗണപതിയുടെ അനിഷ്ടം വ്യക്തമായി. കാരണവർ ഗോവിന്ദപിള്ള ആശാനെ വരുത്തി. ബാലഗണപതിയെ മാറ്റികൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ വീണ്ടും ബാലഗണപതി പുരവിയിൽ നിന്നും പുളിയറത്തലയിൽ എത്തി. തൽക്കാലം ആറേഴു മാസം അവിടെ ഇരുന്നു. പിന്നീട് ഒരു ദിവസം ഒരു മിഥുന മാസത്തിൽ ഗോവിന്ദപ്പിള്ള ആശാൻ കാരണവരോട് മാത്രം പറഞ്ഞിട്ട് ബാലഗണപതിയെ രണ്ടാംമുണ്ടിൽ പൊതിഞ്ഞെടുത്ത് വെള്ളയാണിയിലെ വിളയിൽ വീട്ടിലേക്ക് കൊണ്ടുവന്നു. ആശാൻ വെണ്ണിയൂരിൽ നിന്നും കാൽനടയായി കായൽക്കര വഴിയാണ് വെള്ളായണിയിലേക്ക് സ്ഥിരമായി വന്നിരുന്നത്. വഴിയിൽ തൃക്കുളങ്ങര മഹാവിഷ്ണുവിനെ ദർശിച്ചശേഷം കുറച്ചുദൂരം കായൽ മുറിച്ച് നീന്തിക്കടക്കണം. ബാലഗണപതിയുമായി വന്ന ദിവസം തൃക്കുളങ്ങര തൊഴാൻ നിന്നില്ല. നേരെ വന്ന് കായലിൽ ഇറങ്ങി കായലിന് കുറുകെ ഉള്ള നടവരമ്പിലൂടെ പതിവ് പോലെ നടന്നു. കായലിന് നടുവിൽ കുറച്ച് കയമാണ്. അവിടെ വരമ്പിന് ആഴവും കൂടുതലാണ്. ആജാനുബാഹുവായ ഗോവിന്ദപ്പിള്ള ആശാന്റെ കഴുത്തൊപ്പം വെള്ളമുണ്ടാകും. നടുവിലെത്താറായപ്പോൾ സാമാന്യം ഭാരമുണ്ടായിരുന്ന രണ്ടാം മുണ്ടിലെ പൊതിയിൽ നിന്നും വിഗ്രഹം വെള്ളത്തിൽ വീണു. ആശാൻ കഴിയുന്നത്ര മുങ്ങിയും കാൽകൊണ്ടുമൊക്കെ തപ്പിനോക്കിയെങ്കിലും വിഗ്രഹം കിട്ടിയില്ല. തൃക്കുളങ്ങര അപ്പനെ തൊഴാതെ ആണല്ലോ പോന്നത്. അതിൽ മനസ്സിൽ നേരിയ ഭയവും തോന്നി. ഏതാണ്ട് ഒരു നാഴികയോളം തപ്പിനോക്കിയിട്ടും വിഗ്രഹം ലഭിക്കാത്തതിനാൽ കയറിപോന്നു. പിറ്റേനാൾ വാല്യക്കാരുടെ സഹായത്തോടെ വിഗ്രഹമെടുപ്പിച്ച് വിളയിൽ വീട്ടിലെ എഴുത്ത് പള്ളിക്കൂടത്തിൽ മറ്റു ദേവി ദേവൻമാരോടൊപ്പം പ്രതിഷ്ഠിച്ചു. നിത്യപൂജയ്ക്ക് ഒരു പാളയംതോടൻ പഴവും സ്ഥിരമാക്കി. ഏതാണ്ട് രണ്ട് മൂന്ന് സംവത്സരം കഴിഞ്ഞ് വിളയിൽ വീട്ടിൽ കാരണവർ ഗോവിന്ദപ്പിള്ള ആശാനോട് ഗണപതിയെ മേലതിൽ തായ്വഴിയിലെ വീട്ടിന്റെ തേക്കെ പുരയിടത്തിൽ അടിച്ചുപൂട്ടുപുര സ്ഥാപിച്ച് പ്രതിഷ്ഠിക്കുവാനും പൂജ നടത്തുവാനും ആവശ്യപ്പെട്ടു. അതിലേക്ക് കുടുംബത്തിൽ നിന്നും നിത്യനിദാനത്തിന് ആറ് പണവും അനുവദിച്ചു. പിൽക്കാലത്ത് മേലതിൽ തായ് വഴിയുടേതായി കിട്ടിയിട്ടുള്ള വസ്തുക്കളിൽ നിന്നും കുറച്ച് സ്ഥലവും ഗണപതിയുടെ അടിച്ചുപൂട്ടുപുരയ്ക്ക് അനുവദിച്ചുകൊടുത്തു. അന്ന് മുതൽ കുടുംബത്തിലെ ഏതെങ്കിലും പുരുഷന്മാർ ശുദ്ധവൃത്തിയോടെ ഗണപതിയുടെ പ്രഭാത പൂജ നടത്തിവരവെ പിൽക്കാലത്ത് ദൈവജ്ഞൻമാരുടെ പ്രശ്നവിധികളുടെ ചാർത്തനുസരിച്ചു കുടുംബത്തിലെ പൂർവികരായിരുന്ന മന്ത്രമൂർത്തിയേയും യോഗീശ്വരനെയും ഗണപതിയുടെ ഇരുവശങ്ങളിലായി പ്രതിഷ്ഠിച്ചു. ദുർഗാദേവിയുടെ സാന്നിധ്യവും ഇൗ ക്ഷേത്രത്തിലുണ്ട്. പ്രതിഷ്ഠ ഇല്ലെങ്കിലും എല്ലാ ഗണപതി ഹോമങ്ങളിലും സങ്കൽപ്പദേവീ പൂജയും ആണ്ടിൽ ഒരിക്കലെങ്കിലും ഭഗവതി സേവയും നടത്തി വരുന്നു. എല്ലാവർഷവും പുരവിയിലെ നാഗർകാവിലേക്ക് ഗണപതിക്ഷേത്രത്തിൽ നിന്നും പ്രത്യേക പൂജകളും നടത്തി വരുന്നുണ്ട്.
ക്ഷിപ്രപ്രസാദിയായ ബാലവിനായകനും ഭക്തജനക്ഷേമതൽപ്പരരായ മന്ത്രമൂർത്തിയും, യോഗീശ്വരനും, ദുർഗാഭഗവതിയും ചേർന്ന് ഭക്തജനങ്ങളെ ആകെ ആനുഗ്രഹിച്ചുകൊണ്ട് മേലതിൽ ശ്രീ മഹാഗപതി ക്ഷേത്രം അനുദിനം പുരോഗതി പ്രാപിച്ചു വരുന്നു.

slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor slot gacor